04/08/2017
മഷ്‌റൂം മസാല
മാംസവിഭവങ്ങള്‍ കഴിഞ്ഞാല്‍ മാംസ്യത്തിന്റെ കലവറയാണ് കൂണ്‍. വൈറ്റ് മീറ്റെന്ന ശുദ്ധമാംസ്യത്തിന്റെ അളവ് വേണ്ടുവോളമുള്ള കൂണ്‍ മലയാളികള്‍ക്കേറെ ഇഷ്ടമുള്ള വിഭവമാണ്. ഒട്ടേറെ രുചിയുള്ള ഭക്ഷണങ്ങള്‍ നാം കൂണുപയോഗിച്ച് തയ്യാറാക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കൂണ്‍ വിഭവങ്ങള്‍.
ആയുര്‍വേദവിധിപ്രകാരം കഫം, പിത്തം, വാതമെന്നിങ്ങനെയുള്ള ത്രിദോഷത്തെ വര്‍ധിപ്പിക്കുമെങ്കിലും നീര്‍ക്കെട്ട്, ഉഷ്ണപുണ്ണ്, പുയമേഹം എന്നീ രോഗാവസ്ഥകള്‍ക്കും സന്ധിവീക്കത്തിനും പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ ശോധനയെ സഹായിക്കുന്നതാണ് കൂണ്‍. കൂണുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന അഗാറിക്കസ് മസ്‌കാറിയസ് എന്ന ഹോമിയോ മരുന്ന് മദ്യപര്‍ക്കുണ്ടാകുന്ന തലവേദനയ്ക്കും നാഡീക്ഷീണം,, ഗുണേറിയ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ക്കും യൂറോപ്പിലും അമേരിക്കയിലും മറ്റും ഉപയോഗിച്ചുവരുന്നു..
ചേരുവകള്‍:
മഷ്‌റൂം : പതിനഞ്ചു എണ്ണം
സവാള : ഒന്ന് വലുത്
ഇഞ്ചി അരിഞ്ഞത് : ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി : ആറ് അല്ലി
തക്കാളി : ഒന്ന് വലുത്
കറിവേപ്പില : രണ്ട് തണ്ട്
മല്ലിയില : മൂന്ന് തണ്ട്
വലിയജീരകം : അര ടീ സ്പൂണ്‍
കടുക് : കാല്‍ ടീ സ്പൂണ്‍
കുരുമുളക് പൊടി : ഒരു ടീ സ്പൂണ്‍
മുളക് പൊടി : ഒരു ടീ സ്പൂണ്‍
ഗരം മസാല : രണ്ട് ടീ സ്പൂണ്‍
ഏലക്ക,പട്ട,ഗ്രാമ്പു പൊടിച്ചത് : കാല്‍ ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
മഷ്‌റൂമിന്റെ [കൂണിന്റെ] മുകളിലുള്ള നേര്‍ത്ത പാട കളഞ്ഞ ശേഷം വിനാഗിരിയും ഉപ്പും ചേര്‍ത്ത വെള്ളത്തില്‍ മൂന്ന് മിനിട്ട് ഇട്ടു വെക്കുക.വെള്ളം വാര്‍ത്തി കളയുക.അല്പം വെളിച്ചെണ്ണയില്‍ സവാള,ഇഞ്ചി,വെളുത്തുള്ളി,തക്കാളി ഇവ നന്നായി വഴറ്റിയ ശേഷം വലിയജീരകവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പേസ്റ്റ് ആക്കി വെക്കുക.
ഒരു ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഇതിലേക്ക് വലിയജീരകവും ചേര്‍ക്കുക.ജീരകം പൊട്ടിയ ശേഷം ഇതിലേക്ക് സവാള തക്കാളി പേസ്റ്റ് ചേര്‍ക്കുക.വീണ്ടും വഴറ്റുക.ശേഷം മഷ്രൂം ചേര്‍ത്ത് ഇളക്കുക.ഇതിലേക്ക് മുളകുപൊടി ,കുരുമുളകുപൊടി,ഗരം മസാല,ഏലക്ക പട്ട മിശ്രിതം ഇവ യഥാക്രമം ചേര്‍ത്ത് ഇളക്കി,പാകത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക.ഏകദേശം പതിനഞ്ചു മിനിട്ട് വേവിച്ചു വാങ്ങി വെക്കുക.