19/03/2025
നമ്മുടെ കാലിലെ ചെരുപ്പ് എത്രമാത്രം ഒട്ടികിടക്കുന്നുവോ അത്രമേൽ അടുത്താണ് മരണവും എന്ന വേദവാക്യം ഓർത്തുപോവുകയാണ്.ഇക്കഴിഞ്ഞ ദിവസം മരണപ്പെട്ട നാല് പേരിൽ അതിലൊരു വ്യക്തിയുടെ മരണം മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒന്നാണ്. കഷ്ടപ്പാടുകൾക്കിടയിൽ ജീവിതം സുരഭിലമാക്കുവാൻ കടൽതാണ്ടി ഈ സ്വപ്നഭൂവിൽ വന്നതാണ് ഇരുപത്തിഏട്ടു വയസ്സുള്ള ഈ ചെറുപ്പക്കാരൻ. തന്റെ വളരെനാളത്തെ ആഗ്രഹപ്രകാരം ഭാര്യയേയും മകളെയും തന്റെ അരികിലേക്ക് കൊണ്ടുവരുവാൻവേണ്ടി എല്ലാ തെയ്യാറെടുപ്പുകളും നടത്തി, റൂമിലേക്ക് പുതിയ കട്ടിലും ബെഡും വാങ്ങി, പരിശുദ്ധമായ ഈ റംസാനിൽ നോമ്പിനു വേണ്ടുന്ന സർവ്വവും തയ്യാറാക്കി വച്ചു. നാട്ടിൽ നിന്നും ഭാര്യയും മകളും ഇവിടെയെത്തി, തന്റെ സ്നേഹഭാജനമായ ഭാര്യയോടും, വാത്സല്യനിധിയായ മകളോടുമൊപ്പം ഒന്ന് സന്തോഷം പങ്കിട്ടു കഴിയുവാനൊരുദിനം പോലും നൽകാതെ പിറ്റേ ദിവസംതന്നെ അദ്ദേഹത്തെ മരണം വന്നു കൊണ്ടുപോയി. തന്റെ പ്രിയതമനോടൊത്ത് സന്തോഷമായി കഴിയുവാനാഗ്രഹിച്ചെത്തിയ ആ ഭാര്യക്കും, തന്റെ പൊന്നു പിതാവിന്റെ സ്നേഹവാത്സല്യം നുകരുവനായി ആവേശത്തോടെ വന്നണഞ്ഞ ആ പൊന്നു മോൾക്കും അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മൃതദേഹവുമായി നാട്ടിലേക്ക് പോകേണ്ടി വന്നു. ആ മാതാവിന്റെയും മകളുടെയും അവരുടെ കുടുംബത്തിന്റെയും ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഏവരെയും കരളലിയിപ്പിക്കുന്നതാണ്.പ്രവാസികളുടെ ജീവിതം ഇങ്ങിനെയൊക്കെയാണ്.ഒന്നും മനുഷ്യന്റെ കൈയിൽ അല്ല, ഇതൊരു ക്ഷണികമാം ജീവിതമാണ്. സർവ്വശക്തനായ നാഥൻ ആ കുടുംബത്തിന് സഹനശക്തി നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അഷ്‌റഫ് താമരശ്ശേരി.